Pages

Saturday, April 5, 2014

ചൂടും തണുപ്പും മനുഷ്യനും







ചുട്ടു പൊള്ളുന്ന ചൂടില്‍ ആരും തണുപ്പിനെ സ്നേഹിച്ചു പോകും
,.. ചൂടിനേയും വെയിലിനെയും കുറ്റം പറഞ്ഞിരിക്കുമ്പോഴാണ്  ഊട്ടിയിലേക്ക് ഒരു യാത്ര തരപ്പെട്ടത് ,..ഒന്നും നോക്കിയില്ല ,.. അച്ഛന്റെയും അമ്മയുടെയും ,അമ്മയുടെ സഹപ്രവര്‍ത്തകരുടെയും കൂടെയാണ് യാത്ര ,..03/04/2014 ന് രാവിലെ 6 മണിയോട് കൂടി ഞങ്ങള്‍ യാത്ര പുറപ്പെട്ടു ,..കേരള -തമിഴ്നാട് ബോര്‍ഡറിന് 10 കിലോ മീറ്റര്‍ അകലെ വഴിക്കടവും കഴിഞ്ഞ് ഉയരങ്ങളിലേക്ക് എത്തും തോറും ചായ ചൂടാറുന്നത് പോലെ അന്തരീക്ഷം തണുത്തു കൊണ്ടേയിരുന്നു ,..

            പാതയുടെ ഇരുവശങ്ങളിലും തലപൊക്കി നിന്നിരുന്ന വൃക്ഷലതാദികള്‍ക്ക്  ഞാന്‍ നന്ദി പറഞ്ഞു  ,..   ഇരുവശങ്ങളിലെയും  വാനരപട പാതകളുടെ ഇരു വശങ്ങളിലുമായി കാത്തുനില്‍ക്കുന്ന കാഴ്ച ഭംഗിയുള്ളതാണെങ്കിലും  അവരുടെ പ്രതീക്ഷ മുഴുവനും ഞങ്ങളില്‍ പലരും വലിച്ചെറിയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ആയിരുന്നു .. നാടും കാടും ഒരുപോലെ നശിപ്പിക്കുന്ന മനുഷ്യക്രൂരതയുടെ രക്തസാക്ഷികള്‍ ,.. മെല്ലെ മെല്ലെ കാറ്റില്‍  യൂക്കാലിപ്സ് മരങ്ങളുടെ ഗന്ധം സന്നിവേശിക്കാന്‍ തുടങ്ങി ,.

. ചെരിവ് പ്രദേശങ്ങളില്‍ റോഡിന്റെ ഇരു വശങ്ങളിലുമായി തേയില ചെടികള്‍ തലപൊക്കി നില്‍ക്കുന്നത് അതിമനോഹരമായ കാഴ്ചയാണ് ..
  



അമ്മയുടെ സഹപ്രവര്‍ത്തകരുടെ  ചെറിയ മക്കളില്‍ പലരും ആദ്യമായിട്ടാണ്  ബോട്ടിലും ട്രെയിനിലും കയറുന്നത് ,.. അവരുടെ മുഖത്തെ അത്ഭുതം ഞങ്ങളിലെല്ലാവര്‍ക്കും സന്തോഷം നല്‍കി ,..




        അധികം വൈകാതെ തന്നെ മടക്കയാത്ര ആരംഭിച്ചു ,.അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങി എല്ലാവരും ബസ്സില്‍ കയറി ഇരുന്നു ,.. ഒരു ദിവസത്തെ അലച്ചിലിന്റെ ക്ഷീണം എല്ലാവരുടെയും മുഖങ്ങളില്‍ പ്രകടം ആയിരുന്നു ,.. ബസ്സിന്റെ ഗ്ലാസുകള്‍ എല്ലാം എല്ലാവരും അടച്ചു ഭദ്രമാക്കി ,..കുത്തുന്ന തണുപ്പായിരുന്നു ,.. മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു ,..


                              മേലാകെ വിയര്‍ത്തപ്പോള്‍  എന്റെ ഉറക്കം പോയി ,..അപ്പോഴേക്കും വഴിക്കടവ് എത്തിയിരുന്നു ,.. വര്‍ഷാവര്‍ഷം ചൂട് കൂടുകയല്ലാതെ കുറയുന്നതിന്റെ ലക്ഷണം കാണുന്നില്ല . ഇങ്ങനെയൊക്കെ ആണെങ്കില്‍ തന്നെയും മരങ്ങള്‍ നട്ടുപിടിപ്പിക്കാനോ  ഉള്ള മരങ്ങള്‍ വെട്ടാതെ സംരക്ഷിക്കാനോ മനുഷ്യന്‍ ശ്രമിക്കുന്നില്ല ,. അങ്ങനെ ശ്രമിക്കുന്നവരെ അനുകൂലിക്കുന്നുമില്ല .

Wednesday, April 3, 2013

എന്റെ വിദ്യാലയം ,..

https://www.facebook.com/pages/A-L-P-S-Kizhattur/136275116551323

Wednesday, March 13, 2013

അധ്യാപകന്റെ വേഷത്തില്‍ ...




അങ്ങനെ രണ്ടാം കൊല്ലം സമാഗമമായി, ഒന്നാം കൊല്ലത്തില്‍ ഞങ്ങള്‍ പഠിച്ചതും നേടിയതും  ആയ എല്ലാ മനശാസ്ത്രപരമായ അറിവുകളും , മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ടു നേടിയ അറിവുകളും പയറ്റാന്‍ സമയമായി . , ഇത് വരെ ദീര്‍ഘമായ ക്ലാസുകള്‍ ഒന്നും തന്നെ കൈകാര്യം ചെയ്തിട്ടില്ല, പുസ്തകങ്ങളിലൂടെ മാത്രം നേടിയ അറിവ് വച്ച്  ക്ലാസ്സുകള്‍ കൈകാര്യം ചെയ്യണം . ഓരോ സ്കൂളിലേക്കും ഓരോ ഗ്രൂപ്പാണ് പോകുന്നത്,. ഓരോ ഗ്രൂപ്പും കിട്ടിയ സമയത്തിനുള്ളില്‍ ,ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു . എത്രയൊക്കെ ഡേറ്റ് തന്നാലും അവസാന നിമിഷത്തില്‍ ആണ് ഞങ്ങളില്‍ പലരും പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട മോഡ്യൂള്‍ ,പെഡഗോഗി  എന്നിവ തയ്യാറാക്കിയത് . 90 ല്‍ അധികം വരുന്ന കുട്ടികളെ  കൃത്യമായി ക്ലാസ്സ്‌ എടുക്കുന്നതിനു തയ്യാറാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് റിയാസ് സര്‍ ആയിരുന്നു . തണുപ്പന്‍ മട്ടില്‍ നീങ്ങുന്നവരെ ചൂടാക്കുന്നതില്‍ സര്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു .


      ഒടുവില്‍ ആ ദിനം വന്നെത്തി, ഞാനടക്കം 5 പേര്‍ ഉള്‍പ്പെടുന്ന സംഘം, ചെമ്മാണിയോട് സ്ഥിതി ചെയ്യുന്ന "പി ടി എം യു പി എസ് ചെമ്മാണിയോട്  " എന്ന അതിമനോഹരമായ സ്കൂളില്‍ എത്തി . അതിവിശാലമായ കളിസ്ഥലം ആണ് ഞങ്ങളെ അവിടെ വരവേറ്റത് . കളിസ്ഥലതിന്റെ  ഒരു വശത്തിലൂടെ ഞങ്ങള്‍ ഓഫീസ് ലകഷ്യമാക്കി നടന്നു . ബെല്‍ അടിച്ചിട്ടില്ല , കുട്ടികള്‍ ഗംഭീര കളിയിലാണ് . നടന്നു ഓഫീസിനു അടുത്തെത്താറായി, അവിടെ പരാതി പറയുന്നതിനും മറ്റു കാര്യങ്ങള്‍ക്കുമായി ഒരുപാട് കുട്ടികള്‍ അധ്യാപകര്‍ക്ക് ചുറ്റും നില്‍ക്കുന്നുണ്ട് , ഇതെല്ലാം കണ്ടപ്പോള്‍ ഞാനെന്റെ ബാല്യകാല  സ്മരണകളിലേക്ക് പോയി,..........

     " തച്ചിങ്ങനാടത്തെ കൃഷ്ണ എ യു പി സ്കൂള്‍ എന്ന വിദ്യാലയത്തിലാണ് ഈയുള്ളവന്‍ പഠിച്ചത് , കണക്ക് പഠിപ്പിക്കാന്‍ ചൂരലും പിടിച്ച്  നടന്നു വരുന്ന ആന്റണി മാഷെയും തോമസ്‌ മാഷെയും നാണു മാഷെയും എങ്ങനെ മറക്കാനാ ?? ബെല്ലടിച്ചതിന് ശേഷവുമുള്ള ക്രിക്കറ്റ്‌ കളി , പഠന യാത്രകള്‍ , അമ്മയെപ്പോലെ സ്നേഹിക്കുന്ന അധ്യാപികമാര്‍ ... "

  " കറക്റ്റ്  സമയത്താണല്ലോ  ? "  ഫക്രുദ്ദീന്‍ സാറിന്റെ ചോദ്യം കേട്ടപ്പോഴാണ് സ്ഥലകാല ബോധം വന്നത് , " ആദ്യ ദിനമല്ലേ മാഷെ ? " ഞാന്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു ,  ഇദ്ദേഹമാണ്, എനിക്ക് അനുവദിച്ചു തന്നിരിക്കുന്ന സയന്‍സ് ക്ലാസ്സിന്റെ  അദ്ധ്യാപകന്‍ . മഴയപ്പോള്‍ ചാറാന്‍ തുടങ്ങിയിരുന്നു  , ഞങ്ങള്‍ വേഗം ഞങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക സ്റ്റാഫ്‌ റൂമിലേക്ക് പോയി, സാധന സാമഗ്രികള്‍ ഇറക്കി വച്ചു . പോകുന്നതിനു മുന്നോടിയായി അതാത് വിഷയങ്ങളുടെ സാമഗ്രികള്‍ അധ്യാപകരെ കാണിച്ച് ഒപ്പ് വാങ്ങിക്കണം , ഞാനെന്റെ  മോഡ്യൂളുകളും  പെഡഗോഗികളും  ടീച്ചിംഗ് എയ്ട്സും അതാത് അധ്യാപകരെ കാണിച്ച് ഒപ്പ് വാങ്ങി  ,പരസ്പരം ആശംസകള്‍ പറഞ്ഞു. കര്‍ശനമായി പാലിക്കേണ്ട നിയമങ്ങള്‍ ഒരിക്കല്‍ കൂടി  പരസ്പരം ഓര്‍മിപ്പിച്ചു . മറ്റൊരു സ്ഥാപനം ആണ് , ഒരു കാരണവശാലും  അനുവദിക്കപ്പെട്ട ക്ലാസ്സുകളില്‍ പോകാതിരിക്കരുത് , അങ്ങനെ വന്നാല്‍ ക്ലാസ് അധ്യാപകനെ അറിയിക്കണം ....എന്നിങ്ങനെ ..

......................

ഓരോ വിഷയത്തിന്റെയും അധ്യാപകരുടെ ക്ലാസ് കണ്ട്  മനസ്സിലാക്കിയതിനു ശേഷമേ  ഞങ്ങള്‍ ക്ലാസ് എടുക്കാവു , ചിലര്‍ മുന്നോരുക്കങ്ങള്‍ക്കായി  സമയം ചോദിക്കും ,ചിലര്‍ ആദ്യമേ എടുത്ത് കാണിച്ചു തരും . ഇന്ന് എനിക്ക് 5-A ലെ ഇംഗ്ലീഷ് ക്ലാസ് കാണാനുള്ള അവസരം ഉണ്ട്. ഞാന്‍ ഇംഗ്ലീഷ് എടുക്കേണ്ടതും ഈ ക്ലാസിലാണ് .
       
         മഴയ്ക്ക് ഒരവസാനം കാണാതായപ്പോള്‍ ഞാന്‍  ഓഫീസില്‍ നിന്നും ക്ലാസ് ലകഷ്യമാക്കി  ഇറങ്ങിയോടി . അപ്പോഴേക്കും സുധര്‍മ്മ ടീച്ചര്‍ ക്ലാസ്സില്‍ എത്തിയിരുന്നു. ഞാന്‍ പതിയെ ക്ലാസ്സിലേക്ക് പ്രവേശിച്ചു ,കുട്ടികളുടെ നിഷ്കളങ്കമായ  "ഗുഡ് മോണിംഗ് സാര്‍ "  എന്നില്‍ പെട്ടെന്നൊരു ഭയം ഉളവാക്കി . അവരുടെ പുഞ്ചിരിയില്‍ ആ ഭയം മായ്ഞ്ഞു പോകാന്‍ അധികം സമയം വേണ്ടി വന്നില്ല . സുധര്‍മ്മ ടീച്ചറുടെ ക്ലാസ്സ്‌ നിരീക്ഷണത്തിന് ശേഷം, 7-D  ല്‍ ഗണിതം ആയിരുന്നു . ഞാന്‍ ക്ലാസ് ലക്‌ഷ്യം വച്ച് നടന്നു . മഴ മേഘങ്ങള്‍ ഒന്നിന് പിറകെ ഒന്നായി പോകുന്നത്  ആകാശത്ത്‌  നല്ലൊരു കാഴ്ചയായിരുന്നു .

       7-D ല്‍ ഖദീജ ടീച്ചറുടെ ഗണിതമാണ് എനിക്ക് കിട്ടിയത് , വരകളിലെ ഒരുമ എന്ന അദ്ധ്യായം . പാഠത്തിന്റെ പേര് പോലെ  ഒരുമ പാഠ ഭാഗങ്ങള്‍ക്ക് ഇല്ലായിരുന്നു  എന്നാണ് ഒറ്റ നോട്ടത്തില്‍ ആ പാഠം കണ്ടപ്പോള്‍ എനിക്ക് തോന്നിയതെങ്കിലും , എന്റെ അധ്യാപന ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു അധ്യായം ആയിരുന്നു അത് . 6-C യിലെ സയന്‍സ് ആയിരുന്നു അടുത്ത പിരിയഡ് , ഞാന്‍ അങ്ങോട്ടേക്ക് നടന്നു . ഈ ക്ലാസ്സിനെ കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാടുണ്ട് പറയാന്‍.. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു പറ്റം  കുട്ടികള്‍ .. ഞാന്‍ പറയുന്ന ഓരോ ചെറിയ കാര്യവും മനസ്സില്‍ ഓര്‍ത്തു വച്ച് സൂക്ഷ്മ വിശകലനം ചെയ്യുന്നതില്‍ ഇവര്‍ മിടുക്കരാണ് . . അതിനാല്‍ തന്നെ അതീവ ശ്രദ്ധയോടെയായിരുന്നു ഞാന്‍ ഓരോ കാര്യവും പറഞ്ഞിരുന്നത് . ഈ ബ്ലോഗില്‍ ,ഇതെഴുതുന്ന സമയത്ത് അവര്‍ യു പി സ്കൂള്‍ ജീവിതത്തോട് വിട പറയാനുള്ള തയ്യാറെടുപ്പിലായിരിക്കും  .

  ഇതൊക്കെയാണെന്റെ ക്ലാസ്സുകളെ കുറിച്ചുള്ള വിവരങ്ങള്‍.. ഇനി ഓരോ ദിവസവും നടന്ന സംഭവങ്ങളെ കുറിച്ച് പറയുന്നില്ല...  അതൊരു പക്ഷെ മടുപ്പുളവാക്കും

 
           ഉച്ചക്ക് ഞങ്ങള്‍ , ചോറ് വിളമ്പാന്‍ കൂടുമായിരുന്നു , പലര്‍ക്കും പല തരത്തിലാണ് വിളമ്പേണ്ടത്‌, ചിലര്‍ക്ക് ചോറ് കുറച്ചു മതി , ചിലര്‍ക്കാകട്ടെ പയര്‍ അധികം വേണം ,..ചിലര്‍ക്ക് വിളമ്പുന്നതില്‍ സ്ഥാനങ്ങളുണ്ട് .. ആദ്യത്തെ ഒന്ന് രണ്ടു ദിവസങ്ങള്‍ കൊണ്ട് അത് പഠിച്ചെടുത്തു .. കുട്ടികളോട് ഒരു സൗഹൃദം  സ്ഥാപിക്കുന്നതില്‍  ഈ കണ്ടെത്തല്‍ സഹായിച്ചു .. സ്കൂളിലെ അധ്യാപകരും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമായിരുന്നു .

               ദിവസങ്ങള്‍ പെട്ടെന്ന് കൊഴിഞ്ഞു പോയി.  പാഠഭാഗങ്ങള്‍ പതിയെ തീര്‍ന്നു കൊണ്ടിരുന്നു.. കുട്ടികളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന രീതിയില്‍ സയന്‍സും ഗണിതവും അവതരിപ്പിക്കുന്നതില്‍ ഞാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു . അധിക ദിവസങ്ങളിലും എന്റെ കയ്യില്‍ കുറ്റി ചെടികളും വള്ളി ചെടികളും ഉണ്ടാകുമായിരുന്നു . ഇത് ലഭിക്കുന്നതിനായി ,വീട്ടിലെത്തിയ ശേഷം  പാടത്തിലൂടെയും പറമ്പിലൂടെയും നടന്നിരുന്നു , കിട്ടാത്തവ ഇന്റെര്‍നെറ്റിന്റെ സഹായത്തോടെ ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് ലാപ്ടോപ്പില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു ..
എന്റെ വീടിന്റെ ഉമ്മറത്തെ പയര്‍ 


ഇതിനിടയില്‍ മൃദുല ടീച്ചറും റഹ്മത്ത് ടീച്ചറും  റിയാസ് സാറും ഞങ്ങളുടെ ക്ലാസ്സുകള്‍ കാണാന്‍ വന്നിരുന്നു,.. അവസാന സയന്‍സ് ക്ലാസ്സില്‍ (08/07/2011) ഒരു മിശ്രിതം ഉണ്ടാക്കുവാനുള്ള പ്രവര്‍ത്തനമായിരുന്നു , "പുകയില കഷായം " . പത്താമത്തെ സയന്‍സ് ക്ലാസ് , സയന്‍സ് അദ്ധ്യാപകന്‍ എന്ന റോള്‍ ഇന്നിവിടെ അവസാനിക്കും ....  പുകയില, ഞാന്‍ കാണാതെ എടുത്ത് വാസനിച്ച 3 പേര്‍ക്ക് തലകറക്കം വന്നു ,.. അവരെ മാറ്റിയിരുത്തി ക്ലാസ്സ്‌ തുടര്‍ന്നു .. കൃത്യ സമയത്ത് തന്നെ ക്ലാസ്സ്‌ അവസാനിപ്പിക്കാന്‍ കഴിഞ്ഞു


  ഗണിതത്തിലെ സമാന്തര രേഖകള്‍ എന്ന ആശയത്തെ നിത്യജീവിതവുമായി ബന്ധിപ്പികാന്‍ എനിക്ക് കുറച്ച് വിയര്‍പ്പൊഴുക്കേണ്ടി വന്നു . അവര്‍ക്ക് കണ്ടും കേട്ടും  മാത്രം പരിചയമുള്ള  സന്ദര്‍ഭങ്ങള്‍ കണ്ടെത്തുക എന്നത് ശ്രമകരവും അതെ സമയം ആനന്ദം നല്‍കുന്നതും ആയിരുന്നു . ഇന്റര്‍നെറ്റ്‌ ഇവിടെയും എന്നെ ഒരുപാട് സഹായിച്ചു


               

     മലയാളവും സാമൂഹ്യ ശാസ്ത്രവും  തുടങ്ങാനുള്ള സമയമായി..  മലയാളം 6-C യില്‍ തന്നെയായത് കൊണ്ട്  ഒരു മാറ്റമായി തോന്നിയില്ല .. എന്നാല്‍ 6-B യിലെ സാമൂഹ്യ ശാസ്ത്ര ക്ലാസ് ഒരു പുതിയ അനുഭവമായിരുന്നു  .. ഇതിനിടയില്‍ ഒരു പി ടി എ യോഗം കാണുന്നതിന് അവസരം ലഭിച്ചു . 6-c യിലെ ഓരോ കുട്ടിയുടെയും രക്ഷകര്താക്കള്‍ എന്നെ അന്വേഷിച്ചു വന്നു... എനിക്കതില്‍ സന്തോഷവും അഭിമാനവും തോന്നി .. ക്ലാസില്‍ നടക്കുന്ന ഓരോ കാര്യവും അവര്‍ വീട്ടില്‍ പറയാറുണ്ടായിരുന്നു .കുട്ടികളെ കുറിച്ച് എനിക്കറിയാവുന്നതെല്ലാം ഞാനവരെ ബോധിപ്പിച്ചു ..

     21/07/2011 ന്  ചന്ദ്രദിനവുമായി ബന്ധപ്പെട്ട്‌  പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു , ഇതിനായി  പരിപാടികള്‍ ആസൂത്രണം ചെയ്തു. ക്വിസ്സ് പ്രോഗ്രാം , പ്രദര്‍ശനം , പതിപ്പ് ,ചുമര്‍ പത്രിക എന്നിവയാണ് പരിപാടികള്‍ , ഫക്രുദീന്‍ സാറും മുസ്തഫാ സാറും ഞാനും ചേര്‍ന്ന് ഞങ്ങള്‍ ഇരുന്നിരുന്ന റൂം പ്രദര്‍ശനത്തിനായി തയ്യാറാക്കി .. 

   
               21/07/2011 ന് രാവിലെ ഞാന്‍ നേരത്തെ എത്തി , പ്രദര്‍ശന വസ്തുക്കള്‍ ക്രമീകരിച്ചു . ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പേ തന്നെ കുട്ടികള്‍ പ്രദര്‍ശനം കാണാന്‍ എത്തി തുടങ്ങിയിരുന്നു . കുട്ടികള്‍ വളരെ കൗതുകത്തോടെ ചിത്രങ്ങള്‍ വീക്ഷിച്ചു , ചിലര്‍ നോട്ടുബുക്കില്‍ ആവശ്യമായവ എഴുതിയെടുക്കുന്നുണ്ടായിരുന്നു .  പതിപ്പിന്  ആവശ്യമായ കാര്യങ്ങള്‍ കുട്ടികള്‍ രാവിലെ മുതല്‍ക്കേ കൊണ്ട് വന്നു തന്നിരുന്നു .  പ്രതീക്ഷിക്കാതെയായിരുന്നു വഫിഖ ടീച്ചറും ഹസ്നത്ത് ടീച്ചറും  വന്നത് . ചാന്ദ്രദിനത്തില്‍ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടികള്‍ അവര്‍ ഓരോന്നായി വീക്ഷിച്ചു . പിന്നീട് ഞങ്ങളുടെ ഏതാനും ചില ക്ലാസ്സുകളും വീക്ഷിച്ചു . ഇന്ന് ചോറിനു , സാമ്പാര്‍ ആയിരുന്നു . വഫിഖ ടീച്ചറും ഹസ്നത്ത് ടീച്ചറും ഞങ്ങളും ഒരുമിച്ചിരുന്നാണ്  ഭക്ഷണം കഴിച്ചത് .

                 ദിവസങ്ങള്‍ കടന്നു പോയി ,ഒരു ദിവസം 3 പീരീഡ്‌ മാത്രമായി ചുരുങ്ങി . എങ്കിലും എനിക്ക് 7 പീരീഡും  ക്ലാസ്സ്‌ എടുക്കാന്‍ താല്പര്യമുള്ള ക്ലാസ് ആണ് 6-C, അവിടെ സയന്‍സും മലയാളവും എടുക്കുന്നത് ഞാന്‍ ആണ് .എനിക്ക്  മാത്രമല്ല എന്റെ കൂടെ ഉള്ളവര്‍ക്കും ആ ക്ലാസ്സിനെ വളരെയധികം ഇഷ്ട്ടമാണ് . ശിഖ , അര്‍ച്ചന ,ഐശ്വര്യമാര്‍ , ദേവിക ,ഗോപിക ,വിബീഷ് ,ലെനിന്‍ ,വിഷ്ണു ,സുധീഷ്‌ , ശ്രേയ ,അശ്വതി ,ചിത്രം വരയ്ക്കുന്ന മിഥുനും കിരണും ..... ഇവരോയൊക്കെ ഒരിക്കലും മറക്കുവാന്‍ സാധിക്കില്ല .ലിസ്റ്റ് പൂര്‍ണമല്ല ഇനിയുമുണ്ട് , ഇന്നവിടെ (22/07/2011)  കാരണം കണ്ടെത്തുന്ന ഒരു പ്രവര്‍ത്തനമാണ് , അത് തുടങ്ങാന്‍ അവരെന്നെ അനുവദിച്ചിട്ടില്ല  കാരണം  തലേ ദിവസം എഴുതിയ കത്ത് , ഇനിയും വായിച്ചവര്‍ക്ക് വായിച്ചേ പറ്റു ഒരു തവണ വായിച്ചവര്‍ക്ക്  പുതുതായി എഴുതിയ കത്ത്  വായിക്കണം . ഞാന്‍ ധര്‍മ സങ്കടത്തില്‍ ആയി .. അവസാനം ഒരു ഈര്‍ക്കില്‍ കയ്യിലെടുക്കേണ്ടി വന്നു അവരെ ഒന്ന് ഇരുത്താന്‍ . ഇതിനിടെ ദേവിക  ഞാന്‍ എടുക്കുന്ന ഈര്ക്കിലുകളുടെ കണെക്കെടുക്കുന്നുണ്ടായിരുന്നു . (ദിനവും ഞാന്‍ ഓരോ ഈര്‍ക്കില്‍ എടുക്കുമെങ്കിലും അതിന്റെ ആവശ്യം വരാറില്ലായിരുന്നു .) ദേവിക എണ്ണുന്ന കാര്യം ഞാനപ്പോഴാണ് ശ്രദ്ധിച്ചത് . അവരുടെ ക്ലാസ്സിലെ ഈര്‍ക്കില്‍ ചൂല്‍ ഞാന്‍ വരുമ്പോഴുള്ളതിനേക്കാള്‍ ശോഷിച്ചിരിക്കുന്നു .   .. .. 

           അങ്ങനെ  അവസാന 3 നാളുകളിലേക്ക് എത്തി , പഠനത്തിനു ശേഷമുള്ള വിലയിരുത്തലുകളുടെ  തിരക്കിലാണ് .. എല്ലാ ക്ലാസുകളിലും പരീക്ഷ നടത്തി . അതിനിടയിലാണ് മുബീന എന്നാ 6-B യിലെ കുട്ടി ഒരു കത്ത്  കൊണ്ട് വന്നു തന്നത് . അതില്‍ എനിക്കുള്ള ആശംസകളും ക്ലാസ്സിനെ കുറിച്ചുള്ള അഭിപ്രായങ്ങളും ആയിരുന്നു . 
         പരീക്ഷ കഴിഞ്ഞ് എല്ലാ ക്ലാസ്സുകളിലും മൂല്യ നിര്‍ണയം കഴിഞ്ഞ ഉത്തര പേപ്പറുകള്‍ മടക്കി നല്‍കി , ഓരോ ക്ലാസ്സില്‍ നിന്നും 5-6  പേപ്പറുകള്‍ തിരികെ വാങ്ങി , ഫയലില്‍ സൂക്ഷിച്ചു .പല  കുട്ടികളുടേയും മുഖത്ത്  ഭാവ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു.  നോമ്പിന്‍ കാലം ആയിരുന്നതിനാല്‍ ഉച്ച വരെ മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളൂ . ക്ലാസ് വിട്ടതിനു ശേഷവും കുട്ടികള്‍ ഞങ്ങള്‍ക്ക് ചുറ്റും നിന്നു . നാളെയും വരണമെന്ന് പറഞ്ഞു, ചിലര്‍ ഷെയ്ഖ് ഹാന്‍ഡ്‌ തന്നു . അങ്ങനെ ഒരു വിധം യാത്ര പറച്ചിലുകള്‍ക്ക്  ശേഷം  ഞങ്ങള്‍ HM നെയും മറ്റു അധ്യാപകരെയും കണ്ട് യാത്ര പറഞ്ഞു , അഭിപ്രായങ്ങള്‍ ആരാഞ്ഞു . അറ്റന്റന്‍സ് രെജിസ്ടര്‍ ,  ഞങ്ങളെ വിലയിരുത്തിയ രേഖകള്‍ എന്നിവ കൈപ്പറ്റി . പതിയെ ഗ്രൌണ്ടിന്റെ ഒരു സൈഡിലൂടെ റോഡ്‌ ലകഷ്യമാക്കി നടന്നു ,... മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു .. സ്കൂള്‍ ബസ്‌ വരാന്‍ വൈകുമെന്നതിനാല്‍ അടുത്ത ട്രിപ്പിനുള്ള കുട്ടികള്‍ പല കളികളില്‍ എര്പെട്ടിരിക്കുകയാണ് .  ആകാശത്ത് മഴ മേഘങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട് .. വലിയ മഴ വരുന്നുണ്ട് , അങ്ങ് ദൂരെ നിന്നും ബസ്സിന്റെ ഹോണ്‍ കേള്‍ക്കുന്നുണ്ട് ., ഞങ്ങള്‍ ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമാക്കി ഓടി ,. ഈ സ്കൂളിനെയും  കുട്ടികളെയും ഇവിടുത്തെ ഓര്‍മകളെയും  പിന്നിലാക്കി കൊണ്ട് .. .........